ദൈവത്തെ കണ്ട ദിവസം😂
ഏകദേശം ഒരു വർഷം മുമ്പ് നാട്ടിലുള്ള ബന്ധുവിന്റെ ശവസംസ്കാരത്തിനു പോയ സമയം.പത്രത്തിൽ രണ്ടുമണിക്ക് അടക്കം എന്ന അറിയിപ്പ് അനുസരിച്ച് അവിടെ എത്താൻ പാകത്തിൽ ഞാൻ യാത്ര പുറപ്പെട്ടു.തനിച്ചു പോയതുകൊണ്ട് ബസ്സിൽ ആണ് പോയത്.ആ സ്ഥലത്തേക്ക് അധികം ബസ് ഇല്ലാത്തതുകൊണ്ട് ഏകദേശം 12.30-1.00 മണിക്ക് അവിടെയെത്തുന്ന ബസ്സിൽ കയറിപ്പറ്റി.ഒരു 12.45 നു പള്ളിയിലെത്തി.
പള്ളിയിലപ്പോൾ ആളനക്കമില്ല.വാതിലുകളെല്ലാം അടഞ്ഞുകിടക്കുന്നു.പള്ളിമുറിയുടെ വാതിൽ തുറന്നുകിടപ്പുണ്ടെങ്കിലും ആരെയും കാണുന്നില്ല...🤔
ഞാൻ ഒന്നു ഭയന്നു....😯
നട്ടുച്ച നേരം! എന്തായിരിക്കുമൊ ആരെയും കാണാത്തത്..🤔
മരണവീട്ടിലേക്കു പോകാമായിരുന്നു.... എന്നു തോന്നി.. പക്ഷേ ഓട്ടോ പോകുകയും ചെയ്തു..😔
പള്ളിയിൽ ആരെങ്കിലുമൊക്കെ എത്തിയിരിക്കും എന്നു വിചാരിച്ചാണ് ഇങ്ങോട്ട് വന്നത്... സാരമില്ല.. കുറച്ചു കഴിയുമ്പോൾ ആരെങ്കിലുമൊക്കെ വരും.ഞാൻ സ്വയം ആശ്വസിച്ച പള്ളിയുടെ വടക്കുവശത്തെ വരാന്തയിലുള്ള ഒരു ബഞ്ചിൽ പോയിരുന്നു.അവിടെയിരിക്കാൻ ഒരു കാരണമുണ്ട്.വടക്കുവശത്താണല്ലൊ ശവക്കോട്ട.അവിടെ എന്റെ മാതാപിതാക്കൾ ഉറങ്ങുന്നു... നമ്മുടെ അപ്പനും അമ്മയും ഉള്ളിടത്ത് എന്തു പേടിക്കാൻ..🙂
സമയം കളയാൻ ഞാൻ മൊബൈൽ എടുത്ത് ഫേസ്ബുക്ക്, വാട്സാപ്പ് ഇതൊക്കെ നോക്കാൻ തുടങ്ങി...😊
കുറച്ചു മിനിട്ടുകൾ കഴിഞ്ഞു....
പള്ളിക്കകത്ത് ഒരു തട്ടും മുട്ടും.... ആരുടേയോ കാൽപെരുമാറ്റം.... ഞാൻ പിന്നെയും ഭയന്നു..😯
വാതിൽ അടഞ്ഞാണല്ലോ കിടക്കുന്നത്!!🤔
ഇനി ദൈവമെങ്ങാനും ഇറങ്ങിവന്നിരിക്കുമൊ ??🤔
ഏകാന്തതയിലാണല്ലൊ ദൈവം പ്രത്യക്ഷപ്പടാറ്....😊
ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു..
പെട്ടെന്ന് ഞാൻ ഇരുന്നിരുന്ന വടക്കുകിഴക്കേ വശത്തുള്ള വാതിലിന്റെ സാക്ഷ ഊരുന്ന ശബ്ദം...
ഇത്തവണ ഞാൻ ശരിക്കും ഭയന്നു.. എഴുന്നേറ്റു..😯😯😯
വാതിൽ വലിയ ശബ്ദത്തോടെ തുറന്ന് പള്ളിയിലെ ഒരു ജോലിക്കാരനായ ഓനച്ചൻചേട്ടൻ പുറത്തേക്കു വന്നു..😂
ദൈവത്തെ കണ്ട ഞാനും എന്നെ കണ്ട ഓനച്ചൻചേട്ടനും ഞെട്ടി..🤭😂😂
(ഞാൻ ഒരു വെളുത്ത ചുരീദാർ ആണ് ഇട്ടിരുന്നത്..😂😂)
( തെക്കുകിഴക്കുള്ള വാതിൽ വഴിയാണ് ഓനച്ചൻചേട്ടൻ അകത്തുകയറിയത്.
അതാണ് ഞാൻ കാണാതിരുന്നത്..😁)
അങ്ങനെ പരസ്പരം ഞെട്ടിയ ഞാനും ഓനച്ചൻചേട്ടനും അൽപ്പസമയത്തിനകം സമനില കൈവരിച്ചു.😊😊
" മോളെന്താ ഇത്ര നേരത്തെ ??"🤔
ഓനച്ചൻചേട്ടൻ ചോദിച്ചു.
"രണ്ടു മണിക്ക് അടക്കം എന്നു വിചാരിച്ചു..."🙂
" അയ്യൊ..😧രണ്ടുമണിക്ക് വീട്ടിൽ പ്രാർത്ഥന തുടങ്ങോള്ളൂ.... വീട്ടിലേക്ക് പോണുണ്ടോ ??"🤔
" ഓട്ടോ പോയല്ലോ...😔
അത്രേം ദൂരം നടക്കാൻ വയ്യ..😔😔 ഞാനിവിടെ ഇരുന്നോളാം..."🙂"ആരെങ്കിലുമൊക്കെ ഇപ്പൊ വരും.."
"ഓ...."🙂
ഓനച്ചൻചേട്ടൻ മറ്റു പണികൾക്കായി പോയി.
ഞാൻ ഇരിപ്പ് പൂമുഖത്തേക്ക് മാറ്റി.ഇനിയിപ്പൊ പള്ളിയിൽ ഓനച്ചൻചേട്ടൻ കൂടി ഉണ്ടല്ലൊ...
വടക്കുവശത്ത് കിടക്കുന്നവർക്ക് സ്വസ്ഥതയാകട്ടെ...🙏
അങ്ങിനെയിരിക്കുമ്പോൾ പരിചയമുള്ള ഒരച്ചൻ വന്നു.
അച്ചനോട് വിശേഷങ്ങളൊക്ക പറഞ്ഞു.🙂🙂( ദൈവത്തെ കണ്ട കാര്യമൊന്നു പറഞ്ഞില്ല..🤭)
അച്ചൻ പള്ളിമുറിയിലേക്ക് പോയി.
കുറച്ചു കഴിഞ്ഞ് രണ്ടച്ചൻമാർകൂടി വന്നു.
പിന്നെ ഓനച്ചൻചേട്ടന്റെ ഭാര്യയും എത്തി.🙂
എനിക്ക് സന്തോഷമായി..😊😊കുറെപ്പേർ ആയല്ലോ.....
അങ്ങിനെ ഞാൻ സമാധാനമായി പൂമുഖത്തെ മേശമേൽ കിടന്ന ആത്മദീപം മാസിക എടുത്തു വായിക്കാൻ തുടങ്ങി.
അങ്ങിനെയിരിക്കുമ്പോൾ ഒരാൾ അച്ചൻമാരെ മരണവീട്ടിലേക്ക് കൊണ്ടുപോകാൻ കാറുമായി വന്നു.🚗
എനിക്കയാളെ പരിചയമുണ്ടായിരുന്നില്ല.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ പൂമുഖത്തേക്ക് വന്നു.എന്റെ പേരുവിളിച്ച്, "ഞാൻ മരിച്ചയാളുടെ മകന്റെ അളിയനാണെന്ന്" പരിചയപ്പെടുത്തി.
എന്റെ പേര് എങ്ങിനെ അദ്ദേഹത്തിനു മനസ്സിലായി എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു🤔.( എന്നെ പരിചയമുള്ള അച്ചൻ പറഞ്ഞുവിട്ടതായിരിക്കാം)
" വീട്ടിലേക്ക് വരുന്നുണ്ടോ ? അച്ചൻമാരെ കൊണ്ടുപോകുന്ന വണ്ടിയിൽ സ്ഥലമുണ്ട്.."
അയാൾ പറഞ്ഞു.
"ഞാൻ ഇവിടെ ഇരുന്നോളാം" എന്നു ഞാൻ പറഞ്ഞെങ്കിലും ആ നല്ല മനുഷ്യന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ കാറിനടുത്തേക്ക് ചെന്നു.
കാറിന്റെ മുൻസീറ്റിൽ ഒരച്ചൻ !🙏
പിൻസീറ്റിൽ രണ്ടച്ചൻമാർ!! 🙏🙏
ദൈവമേ !!🙏🙏🙏
എനിക്ക് സത്യത്തിൽ ഒരു മടി തോന്നി...
കയറാനും വയ്യ....കയറാതിരിക്കാനും വയ്യ...എന്ന ത്രിശങ്കു സ്വർഗത്തിൽപ്പെട്ട ഞാൻ ശ്വാസം പിടിച്ച് കാറിലേക്ക് കയറി.രണ്ട് അച്ചൻമാരും ഒതുങ്ങി ഇരുന്ന് എനിക്ക് സ്ഥലം തന്നു.🙂
ഓനച്ചൻചേട്ടനും ചേച്ചിയും എന്തോ അൽഭുതം നടക്കുന്ന പോലെ നോക്കി നിൽക്കുന്നുണ്ട്..🤩
മരണവീട്ടിലേക്ക് ഒരു പത്തുമിനിറ്റ് യാത്ര.ഈ സമയമൊക്കെയും ഞാൻ ശ്വാസം പിടിച്ചിരുന്നു....🤭
അച്ചന്മാർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..
വീടിന്റെ ഗെയിറ്റിനരികെ വണ്ടിയെത്തി.അവിടെ കുറെപ്പേർ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നണ്ടായിരുന്നു.
എന്റെ ജ്യേഷ്ഠൻമാരായ കസിൻസ്..പിന്നെ കുറച്ചു നാട്ടുകാർ...
അച്ചൻമാരുടെ വണ്ടിയായതുകൊണ്ടാകണം ഇരുന്നവരൊക്കെ എഴുന്നേറ്റു നിന്നു... മുണ്ട് മടക്കിക്കുത്തി നിന്നവർ മുണ്ട് താഴ്ത്തിയിട്ട് ബഹുമാനം പ്രകടിപ്പിച്ചു !!
ഒരാൾ ഓടിവന്നു കാറിന്റെ ഡോർ തുറന്നു.ഇറങ്ങിവന്ന എന്നെ കണ്ട് ഒന്നു ഞെട്ടി
"നിന്റെ ഒരു യോഗം!!" എന്ന് വിസ്മയിച്ചു.( അത് എന്റെ ഒരു സുഹൃത്തായിരുന്നു.🤩)
അച്ചൻമാരെ കണ്ട് എഴുന്നേറ്റു നിന്നവരുടേയും, മുണ്ട് താഴ്ത്തിയിട്ട് ബഹുമാനം കാണിച്ചവരുടേയും മുഖത്ത് എന്നെ കണ്ടപ്പോൾ ഒരു ജാള്യത !🤭
ആ ജാള്യത കാണാത്ത ഭാവത്തിൽ പയ്യെ അവരുടെ ഇടയിലൂടെ നടന്ന് ഞാൻ മരണവീട്ടിലേക്ക്....
😌😌😌
വിഷയം
പ്രോഗ്രസ്റിപ്പോർട്ടിൽ നാലു വിഷയങ്ങളുടെ മാർക്കിനടിയിൽ ചുവന്ന വരയുമായി ഉണ്ണി നിന്നു.😔
അവൻ തോറ്റ വിഷയങ്ങൾ കണ്ടപ്പോൾ അച്ഛനു കലി വന്നിട്ട് ചൂരൽ കൊണ്ട് തുടയിൽ നാലടി..🤨🤨🤨🤨
കരഞ്ഞുകൊണ്ട് അടുക്കളയിലെത്തിയ ഉണ്ണിയോട്😭 എന്താണ് വിഷയം എന്ന് അമ്മ.🙂
പ്രോഗ്രസ് റിപ്പോർട്ട് നീട്ടിയ അവനോട് തോറ്റ വിഷയങ്ങളുടെ ഉത്തരങ്ങൾ 100 പ്രാവശ്യം എഴുതിപ്പഠിക്കാൻ ആജ്ഞ.😬
ഈ വിഷയത്തിൽ ഇനി എന്തുവേണമെന്ന് വിഷണ്ണനായി 😧അവൻ പേപ്പറും പേനയും എടുത്തു.✍
മറവി
"'അമ്മ ഹോം വർക്ക് ഫിനിഷ് ചെയ്തോ?"
പുതുതായി ഇറങ്ങിയ "ഇൻവിസിബിൾ ബാലരമ" തിമിരക്കണ്ണടക്കുമേൽ 3 ഡി കണ്ണടയും വെച്ച് വായിച്ചു രസിച്ചുകൊണ്ടിരുന്ന എന്നോട് മകൾ അട്ടഹസിച്ചു.
അത്ഭുതത്തോടെ ഞാൻ തല പൊക്കി നോക്കി.
"ഹോം വർക്കോ ? എന്ത് ഹോം വർക്ക് ?"
പത്തുമുപ്പതു വർഷം മുമ്പേ പഠിത്തം അവസാനിപ്പിച്ച എന്നോട് ഹോം വർക്ക് ചെയ്തോ എന്ന് !!!!!!!!!!!!
പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഞാൻ മിഴിച്ചിരുന്നു !!!
"ബാലരമ വായിച്ചതു മതി. ഒരു കൊച്ചു കുട്ടി ! വേഗം ഹോം വർക്ക് ചെയ്യു...."
എൻ്റെ കയ്യിൽ നിന്ന് ബാലരമ തട്ടിപ്പറിച്ചെടുത്തു അവൾ കൽപ്പിച്ചു .ചൂരൽ വടി അവളുടെ കയ്യിലില്ലാതിരുന്നതു നന്നായി ! അല്ലെങ്കിൽ ഒരടി കിട്ടിയേനെ !!!!!!!!!!!
"എന്തു ഹോം വർക്ക് ?" ഞാൻ പിന്നെയും ചോദിച്ചു.
"അമ്മയോടു ഞാൻ നാലു ദിവസം മുമ്പേ പറഞ്ഞിരുന്നതല്ലേ ? എൻ്റെ ഇംഗ്ലീഷ്
അസ്സൈന്മെന്റുകൾ തീർക്കാൻ ? ഒരെണ്ണമെങ്കിലും ഫിനിഷ് ചെയ്തൊ ?"
"ഓ! അതാണു കാര്യം!ഇപ്പോഴാണു പിടികിട്ടിയത് !!!!!"
ഉത്തരമെഴുതേണ്ട ചോദ്യങ്ങൾ അടയാളപ്പെടുത്തിയ അവളുടെ പുസ്തകവും
ഉത്തരമെഴുതാനുള്ള പേപ്പർ .പേന തുടങ്ങിയ സാമഗ്രികളും നാലു ദിവസം
മുമ്പേ എന്നെ ഏൽപ്പിച്ചിരുന്നു ....ഞാനതു മറന്നുപോയി..!!
"ശരി,ശരി ..ഇപ്പോൾ തന്നെ തുടങ്ങിയേക്കാം ..'
(ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തല പൊക്കും !!!!!!! )
പാവം ഇന്നത്തെ കുട്ടികൾക്ക് എന്തൊക്കെയാണു പഠിക്കാനുള്ളത് ......!!
പന്ത്രണ്ടാം ക്ലാസ് , ട്യൂഷൻ ,എൻട്രൻസ് .........
തുമ്പികൾ കല്ലെടുക്കുന്നതുപോലെ !!
എല്ലാം തനിയെ ചെയുന്ന അവൾ ഇംഗ്ലീഷ് മാത്രം അമ്മയെ ഏല്പിക്കും.അതിനവൾക്കൊരു ന്യായമുണ്ട് .'അമ്മയ്ക്ക് ഇംഗ്ലീഷ് ഇഷ്ടമല്ലേ,ഹോം വർക്ക് ചെയ്യു ,എൻജോയ് ചെയൂ '
എന്നാണ് അവളുടെ തിയറി.
ഞാൻ പേപ്പറും പേനയും എടുത്തു.പുസ്തകങ്ങൾ മറിച്ചു ഒരു പതിനേഴുകാരിയായി .....എനിക്കപ്പോൾ രോമാഞ്ചമുണ്ടായി !
പതിനേഴുകാരി !!!!!!!!!
അപ്പോഴാണു അടുക്കളയിൽ എന്തൊ തട്ടി മറിയുന്ന ശബ്ദം കേട്ടത് .
ഭർത്താവാണ് .പതിവു പരിശോധനയാണ് ...കറികൾ എന്തൊക്കെ, പാൽ ,
ചായ തുടങ്ങിയവ തിളപ്പിച്ചോ ,പുതിയ പലഹാരങ്ങൾ എന്തെങ്കിലും
ഉണ്ടാക്കിയോ ,പച്ചക്കറികൾ തീർന്നോ.......
പരിശോധനകൾ നീണ്ടുനീണ്ടു പോകവെ ഒരു വെടിയൊച്ച !!!!!!!!
"ഈ ഗുളികകളൊക്കെ ആരുടേതാണ് ???????"
ഒരു ബോക്സ് നിറയെ ടാബ്ലറ്റ്സുമായി അദ്ദേഹം എൻ്റെ മുന്നിൽ .
"ഇതെല്ലം എൻ്റെയാണല്ലോ .......' ആദ്യമായി അവ കാണുന്നതുപോലെ ഞാൻ പറഞ്ഞു ....
'30 ടാബ്ലറ്റ്സ് !! ഇതു നീ കഴിക്കുന്നില്ലേ ? കഴിഞ്ഞ ആഴ്ച്ച നോക്കുമ്പോഴും ഇത്രയും തന്നെ ഉണ്ടായിരുന്നല്ലോ ....???"
'ഓ! ഞാനതങ്ങു മറന്നു ........."
"തലവേദന, കാലുവേദന,നെഞ്ചുവേദന .....വേദനയില്ലാത്ത സ്ഥലം വല്ലതുമുണ്ടോ നിൻറ്റെ ദേഹത്ത് ? എന്നും ആശുപത്രിയിലേക്കോടും....മരുന്നു കഴിക്കാതെ എങ്ങിനെയാ അസുഖം മാറുന്നത് ?"
".........................................."
"നിൻറ്റെ തലക്കാണ് അസുഖം!ഇവിടെ ഒരു മെഡിക്കൽ ഷോപ് തുടങ്ങു. ...ഇതെല്ലം വിൽക്കാം .....നിൻറ്റെ അസുഖവും മാറും "
ഹോം വർക്ക് ചെയ്യാതെ ക്ലാസ്സിൽ വന്നതിനു പിടിക്കപ്പെട്ട കുട്ടിയെപ്പോലെ ഞാൻ തലകുനിച്ചു നിന്നു.
"എന്തൊരു മറവി !!!!!"ഞാൻ എന്നെത്തന്നെ പരിഹസിച്ചു .
അന്ന് ഡോക്ടറെ കാണാൻ നല്ല തിരക്കായിരുന്നു.എങ്കിലും ടിക്കറ്റ് നേരത്തെ
ബുക്ക് ചെയ്‌തതുകൊണ്ട് പെട്ടെന്നു കാണാൻ പറ്റി.
"വാ തുറക്കു ,നാക്കു നീട്ടു" ......തുടങ്ങിയ പരിശോധനകൾ ....ടാപ് ..ടാപ് ...ടാപ്
ടേബിളിൽ കിടന്ന എൻ്റെ വയറിൽ ഡോക്ടർ ചെണ്ട കൊട്ടും പോലെ തട്ടി നോക്കി ....
"ഗ്യാസ് ഉണ്ടല്ലോ......മരുന്ന് കഴിക്കുന്നില്ലേ ? ആവി പിടിക്കുന്നില്ലേ?"
ഉണ്ട് എന്നു കള്ളം പറഞ്ഞു ....എല്ലാം മറന്നു എന്നു ഡോക്ടറോടു പറയുന്നതെങ്ങനെ ?
'എക്സർസൈസ് ചെയ്യുന്നില്ലേ ?'
അതും മറന്നു.എങ്കിലും പറഞ്ഞു ; "ഉണ്ട് "
"എല്ലാം ശരിയാകും.കം ആഫ്റ്റർ ത്രീ വീക്സ് "
അതു ഞാൻ ഓർക്കുമൊ എന്തോ .........
തനിക്കെന്താണ് പറ്റിയത് ? എന്നാണ് ഈ മറവി ആരംഭിച്ചത് ?
ഞാൻ ഓർക്കാൻ ശ്രമിച്ചു ....
പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു ദിവസം പോസ്റ്റ് മാൻ ഒരു പാർസൽ കൊണ്ടുവന്നു.എന്തായിരിക്കുമൊ ഈ പൊതിയിൽ ?
ആരായിരിക്കുമൊ ഇതയച്ചത് ?
ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കുമ്പോൾ അയാൾ പറഞ്ഞു :
"രെജിസ്റ്റഡ് പോസ്റ്റ് ആണ്. ഒപ്പിട്ടു വാങ്ങണം"
ഞാൻ ഒപ്പിട്ടു വാങ്ങി പാർസൽ തുറന്നു.
എൻ്റെ കണ്ണുകൾ വിജ്രംഭിച്ചു !!!
തലക്കകത്തു അഗ്നികണങ്ങൾ ചിതറി !!!!!!
"എൻ്റെ എസ് .എസ് .എൽ .സി ബുക്ക് !!!!!!!!!!!!! "
ഇതെവിടുന്നാണ് ഇപ്പോൾ വരുന്നത് ???????
മൂന്നോ നാലോ വർഷം മുമ്പ് പത്തു പാസ്സായ സമയത്തു സ്കൂളിൽ ,ഹെഡ് മാസ്റ്ററുടെ മുറിയിൽ നിന്നും വാങ്ങിയത് ....പിന്നെ കോളേജിൽ ചേർന്നപ്പോൾ കൊടുത്തത് ......പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തിരിച്ചുവാങ്ങി
വീട്ടിലെ മേശയിൽ വച്ചത് .......
ആരാണ് അത് അവിടെ നിന്നും കട്ടുകൊണ്ടു പോയത് ?????
ഞാൻ തലപുകഞ്ഞാലോചിച്ചു.
"കാലനുമുണ്ടല്ലോ കാലക്കേട് !!"
പാർസൽ വന്ന കവർ തിരിച്ചും മറിച്ചും നോക്കി. അതിലെ അഡ്രസ് കണ്ട്
ഞാൻ വീണ്ടും ഞെട്ടി !
"എംപ്ളോയ്മെൻറ് എക്സ്ചേഞ്ച് "
ഇപ്പോഴാണ് ഓർമ വന്നത് .
എംപ്ളോയ്മെൻറ് രെജിസ്ട്രേഷൻ പുതുക്കാൻ രണ്ടു മാസം മുമ്പ് പോയപ്പോൾ മറന്നു വച്ചതാകണം ...എൻ്റെ മഹാഭാഗ്യം കൊണ്ട് ആരോ
അതു കണ്ട് അഡ്രസ് നോക്കി അയച്ചു തന്നു !!! ദൈവത്തിനു സ്തുതി !
എനിക്ക് എന്തെങ്കിലും മറവിരോഗം ആയിരിക്കും ....
ആരോടാ ചോദിക്കുക ?
ഗൂഗിളിനോട് ചോദിക്കാം .....എന്തു ചോദിച്ചാലും ഉത്തരം പറയുന്ന നല്ല അധ്യാപകൻ !!!
ഞാൻ ഇൻറർനെറ്റിൽ പരതാനിരുന്നു.
"അൽഷിമേഴ്‌സ് " എന്നു ടൈപ്പ് ചെയ്തു.
ഗൂഗിൾ തൻ്റെ ജാലകങ്ങൾ എനിക്കായി തുറന്നിട്ടു.
മറവിരോഗവും ലക്ഷണങ്ങളും കാരണങ്ങളും വരിവരിയായി മുന്നിൽ വന്നു പല്ലിളിച്ചു നിന്നു.
ക്ഷമാശീലയായ ഒരു പഠിതാവിനെപോലെ ഞാൻ അതിൻ്റെ പടവുകൾ കയറാൻ തുടങ്ങി ...
ഓർമനഷ്ടം ദൈനംദിന ജീവിതത്തെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് ഗൂഗിൾ എന്ന വിശ്വ വിദ്യാലയം എന്നെ പഠിപ്പിച്ചു.
അടുത്തിടെ പഠിച്ച കാര്യങ്ങൾ മറക്കുന്നത് ഒരു ലക്ഷണമാണുപോലും !
"പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രയാസം വരിക ,പ്രിയപ്പെട്ട കളിയുടെ നിയമങ്ങൾ മറന്നുപോകുക ,ദിവസേനയുള്ള ജോലികൾ പൂർത്തിയാക്കാൻ പറ്റാതെ വരിക ,തീയതികൾ മറക്കുക ,സമയം കടന്നുപോകുന്നത് അറിയാതിരിക്കുക ,...............................................
ലക്ഷണങ്ങൾ നീണ്ടുനീണ്ടു പോയി ....
"ഇതിലേതെങ്കിലും എനിക്കുണ്ടോ ? ഇല്ലേ ? ഉണ്ടല്ലോ ചിലതെല്ലാം ?" എന്നൊക്കെ ആശ്ചര്യപ്പെട്ടു ഞാൻ പിന്നെയും ഗൂഗിൾ ടീച്ചറിന് കാതോർത്തു.
"സംസാരിച്ചിരിക്കുമ്പോൾ മറന്നുപോകുക,എഴുതുന്നതും പറയുന്നതുമായ
വാക്കുകളിൽ കുഴങ്ങുക,സാധനങ്ങൾ സ്ഥാനം തെറ്റിച്ചു വയ്ക്കുക, ആൾക്കാരെ മാറിപ്പോകുക ,എല്ലാം മറക്കുക ............"
ദൈവമേ ......ഞാൻ എന്തൊക്കെയാണീ കേൾക്കുന്നത് ?????
"സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നു മാറി നിൽക്കുക ........"
"അതെന്തായാലും അമ്മക്കില്ല !" അടുത്തിരുന്ന മകൻ പറഞ്ഞു ,"'അമ്മ ഒരു
സോഷ്യൽ ആക്ടിവിസ്റ്റ് അല്ലെ ?!!'
"സോഷ്യൽ ആക്ടിവിസ്റ്റ് ?????"
"പിന്നല്ലാതെ ? ഫേസ്ബുക് ,ട്വിറ്റർ ,ഇൻസ്റ്റാഗ്രാം ഇതൊക്കെയല്ലേ അമ്മയുടെ പണി ?"
"നിനക്കു തമാശ ! "റോമാനഗരം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി
വീണ വായിക്കുന്നു !
അവസാനമായി ഗൂഗിൾ ഇപ്രകാരം മുന്നറിയിപ്പു നൽകി ."മുകളിൽ പറഞ്ഞ
ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടന്ന് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക ."
ഇനി എന്താണ് വേണ്ടതെന്നു ചിന്തിച്ചിരിക്കുമ്പോൾ എവിടെ നിന്നോ ഒരു കരിഞ്ഞ മണം പരന്നു ....
അടുത്തെവിടെയെങ്കിലും ചുടുകാടെരിയുന്നുണ്ടൊ ???????
ഓ ......ഇപ്പോഴാണ് ഓർമ്മ വന്നത് !
ചായയും പാലും തിളപ്പിക്കാൻ സ്ററൗവിൽ വെച്ചിരുന്നു !!!
ലാപ്ടോപ്പ് ദൂരെയെറിഞ്ഞു അടുക്കളയിലേക്കു പാഞ്ഞു .....
പാൽ തിളച്ചുതൂവി സ്ററൗ മുഴുവൻ പാലഭിഷേകം നടന്നിരിക്കുന്നു !!!
ചായ തിളച്ചുവറ്റി ചായപ്പൊടി അവലോസുപൊടിപോലെ ചായപ്പാത്രത്തിൽ
പറ്റിപ്പിടിച്ചിരിക്കുന്നു !!
കുരങ്ങൻ ചത്ത കുറവനെപോലെ ഞാൻ വിലപിച്ചു ..."എൻ്റെ ഒരു മറവിയെ.. .
സാരമില്ല. "തൊമ്മനു പോയാൽ തൊപ്പിപ്പാള " എന്നു വല്യമ്മച്ചി എപ്പോഴും
പറയുന്നത് കേട്ടിട്ടുണ്ട് ..ഞാൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.
ജാതകം
"രേവതി നക്ഷത്രം ,
സ്ത്രീ ജാതകം ,
ദക്ഷിണായനകാലെ ശര ഋതുവിൽ
തുലാമാസം ,
.............വർഷം ,........ തീയതി ,
വജ്രനാമനിതു യോഗം , അന്ന് ,ഉദയാദി 24 നാഴികയും ,43 വിനാഴികയും ..............
മീനം രാശി തുടങ്ങി ,2 നാഴികയും ,26 വിനാഴികയും ചെന്ന സമയെ , ജാത ശ്രീ കുമാരി ...."
മുൻവശത്തെ വിശാലമായ വരാന്തയിൽ വിരിച്ച പായയിൽ ചമ്രം പടിഞ്ഞിരുന്നു കണിയാൻ ജാതകം വായിക്കാൻ തുടങ്ങി .
മുത്തശ്ശി പുകയിലയും ചവച്ചു കാതു കൂർപ്പിച്ചിരുന്നു .
അഞ്ചു വയസ്സുകാരി ഉണ്ണിമായ ഒന്നും മനസ്സിലാകാതെ കണ്ണും മിഴിച്ചിരുന്നു .
"സ്ത്രീ നാൾ , ദേവഗണം , ഗജം മൃഗം , ഇരിപ്പ വൃക്ഷം , മയിൽ പക്ഷി , ആകാശം ഭൂതം , സദാശിവൻ ദേവത ..............."
' ഇവരൊക്കെ ആരാ ???? ' ഉണ്ണിമായയ്ക്കു സംശയം അടക്കാനായില്ല .
"മിണ്ടാതിരി !!! " മുത്തശ്ശി അവളെ വിരട്ടി .
"ദക്ഷിണകരെ അംഗരവി . അതിനാൽ ദാനശീലയായും കരകൗശലശാലിയായും ഫലം ."
കണിയാൻ തുടർന്നു .
"ലഗ്നപതി ഗുരു ലഗ്നാൽ ഏഴാം ഭാവത്തിൽ , ലഗ്നസ്ഥിതനായ ചന്ദ്രനുമായി
ഗജകേസരിയോഗം ചെയ്തതിനാലും ,
സുഖനിവൃത്തി നാഥനായ ബുധൻ പൂർണകലയെ പ്രാപിച്ചു ,
രാജയോഗം ചെയ്‌തു ഏഴാമെടത്തു സ്ഥിതി ചെയ്യുകയും ,
ആത്മകാരകനായ സൂര്യനു ഉഭയശുഭത്വവും അഷ്ടമാധിപനു ലഗ്നത്തിൽ ദൃഷ്ടിയും ഇഷ്ട സ്ഥിതിയും മറ്റും ദീർഘായുർ പ്രദമായി കാണുന്നു എങ്കിലും ചില ഗ്രഹപ്പിഴാസന്ധികളും കാണുന്നുണ്ട് ........"
ഒന്നും മനസ്സിലാകാത്തതുകൊണ്ടു ഉണ്ണിമായ അടുക്കളയിലേക്കോടി അമ്മയെ മണിയടിച്ചു ഉപ്പേരി ടിൻ കൈക്കലാക്കി അകത്തെ മുറിയിൽ ഒളിച്ചിരുന്ന് കറുമുറെ തിന്നാൻ തുടങ്ങി ...
"എപ്പോഴൊക്കെയാണ് ഗ്രഹപ്പിഴാ സന്ധികൾ ? "
മുത്തശ്ശി ഉദ്ദ്വേഗത്തോടെ ചോദിക്കുന്നത് കേട്ടു .
ഗ്രഹപ്പിഴാ സന്ധികൾ തുടങ്ങുന്ന പ്രായങ്ങൾ കണിയാൻ പറഞ്ഞു കൊടുത്തു .
തൽക്കാലങ്ങളിൽ ഈശ്വര സേവ , സൽകർമങ്ങൾ ചെയ്യണം .
"മീനം രാശി ലഗ്നമാകയാൽ വിദ്യാജ്ഞാന സിദ്ധിയുണ്ടായും , സുമുഖിയായും ,ദ്രവ്യലാഭമുണ്ടായും ,ഭർതൃ ഗുണമുണ്ടായും ,സ്വഭാവ ശുദ്ധിയുണ്ടായും ,ധനസമ്പാദ്യമുണ്ടായും ഫലം ."
"ചന്ദ്രൻ ലഗ്നസ്ഥിതനാകയാൽ , ആരോഗ്യവും ദീർഘായുസ്സും ഉണ്ടായും ഫലം "
"ചൊവ്വ കന്നി രാശിയിലാകയാൽ തേജസ്സും , സന്താനഗുണവും , സംഗീത , സാഹിത്യ , കലാവിദ്യകളിൽ ജ്ഞാനമുണ്ടായും ഫലം ."
"ബുധൻ കന്നിരാശിയിലാകയാൽ , ത്യാഗശീലയായും , ഗുണഗ്രാഹിയായും , ക്ഷമാശീലയായും , സയുക്തികമായ സംസാരമായും ,ദൈവഭക്തയായും ഫലം ."
.....................................................................................................................................................
.......................................................................................................................................................
.......................................................................................................................................................
ഉപ്പേരി തീറ്റനിർത്തി ഉണ്ണിമായ പിന്നെയും വന്നു മുത്തശ്ശിയുടെ മടിയിലിരുന്നു .
" ആരെപ്പറ്റിയാണ് ഈ പറയുന്നതൊക്കെ ? "
അവൾ ചോദിച്ചു .
മുത്തശ്ശി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി .
"അതൊന്നും നീയിപ്പോ അറിയണ്ട .."
"ഇങ്ങനെയൊക്കെ ആണെങ്കിലും ചില അരിഷ്ടതകളും അനുഭവിക്കാൻ ജാതകക്കാരിക്ക് അവകാശമുണ്ട് " കണിയാൻ തുടർന്നു .
"അനാരോഗ്യം , കാര്യവിഘ്‌നം ,ഗുരുജനാരിഷ്ട .......
മന്ദ മാന്ദികളുടെ ദൃഷ്ടിയോടുകൂടി ഏഴാമെടത്തു നിന്ന കേതുവാകയാൽ പതനം , പരാജയം ..........."
"സാരമില്ല . എല്ലാം ഈശ്വരൻറെ കയ്യിലല്ലേ ....."
മുത്തശ്ശി സമാധാനിച്ചു .
"അതെ . തത്സമയം പള്ളീശ്വര സേവ കർത്തവ്യം ." കണിയാൻ പറഞ്ഞു .
"ഇനിയും ഒരുപാട് ഗുണാനുഭവങ്ങളും ചില ദോഷങ്ങളുമുണ്ട് ."
"ലഗ്നാധിപൻ ഗുരു ബലവാനാകയാൽ ആയിരം പൂർണചന്ദ്രന്മാരെ കാണും. . ശേഷം ചിന്ത്യ. ശുഭം ."
കണിയാൻ ജാതക വായന അവസാനിപ്പിച്ചു ഉണ്ണിമായയെ നോക്കി പുഞ്ചിരിച്ചു .
കയ്യിൽ ബാക്കിയിരുന്ന രണ്ടുകഷണം ഉപ്പേരി അവൾ കണിയാനു സമ്മാനിച്ചു .
ഉണ്ണിമായ വളർന്നു .
മുടി നരച്ചു .
ജാതകം എഴുതിയ കണിയാനും എഴുതിപ്പിച്ച മുത്തശ്ശിയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു .
ജീവിതമരക്കൊമ്പിൽ സ്വപ്‌നങ്ങൾ പൂക്കളായും കായ്കളായും വിടരുകയും കൊഴിയുകയും ചെയ്തു .
ഭാഗ്യവും നിർഭാഗ്യവും അരിഷ്ടതകളും ഗ്രഹപ്പിഴാസന്ധികളും കടന്നു ഉണ്ണിമായ കാലത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു ..........
രാജയോഗം ,
കേസരിയോഗം ,
ഗജകേസരിയോഗം ..എല്ലാമുള്ള കുമാരിക്ക് ഒരു കടലോളം കണ്ണുനീർ യോഗവും ഉണ്ടെന്നു കണിയാനെന്തേ പറഞ്ഞില്ല ???
മുത്തശ്ശിയെ വിഷമിപ്പിക്കണ്ട എന്നുവച്ചിട്ടാകാം .
എന്നാലും ഉണ്ണിമായ ഇടയ്ക്കിടെ തൻ്റെ ജാതകം എടുത്തു വായിക്കും . നല്ല നല്ല യോഗങ്ങളുള്ള ജാതകമല്ലേ ........വായിക്കാനൊരു സുഖം !!!
No comments:
Post a Comment