7.മധുര ഊഞ്ഞാൽ
ബാല്യകൗമാരങ്ങളെത്രയോ സൗമ്യസുന്ദരം !
നാമറിഞ്ഞിടാതെ നമ്മിലലിയും മൃദുലകാലം !
തഴുകിത്തലോടിയരികെയലയുന്നൊരിളം-
കാറ്റിലിളകും തളിരിലപോലതുല്യം ,തരളം ......
ബാല്യകൗമാരങ്ങളെത്രയോ നിത്യനിർമ്മലം !
ചെറുനീർച്ചാലുകൾപോൽ തരംഗമായ് സൗഹൃദങ്ങൾ !
വലിപ്പമൊ ചെറുപ്പമൊ ജാതി മത മുൾമുനകളൊ,
നിറമോയില്ലാതലസമൊഴുകും കുഞ്ഞോളങ്ങൾ !!
ബാല്യകൗമാരങ്ങൾക്കെത്രയോ ആരവം ,കൗതുകം !!
കളിചിരികൾ ,കുസൃതികൾ ,പഠനവുമുഴപ്പും ,പരീക്ഷകൾ-
രണാങ്കണം, കുരുക്ഷേത്രമല്ലിതു ,ചെറുകല്പടവുകൾ......
വിജയവും തോൽവിയുമനുപമ ജീവിത പാഠങ്ങൾ !!
ബാല്യകൗമാരങ്ങളെത്രയോ ലോലം, മാസ്മരം !!
മനസ്സാം തളിർചില്ലയിൽ പ്രണയത്തിൻ മൊട്ടുകൾ ....
വിടരാം,അടരാം, എങ്കിലുമോർമ്മതൻ നറുമണം
ഒരു കുങ്കുമച്ചെപ്പിലുറങ്ങിടും ശലഭം,ശാശ്വതം !!!
ബാല്യകൗമാരങ്ങളെത്രയോ പവിത്രം, മധുരം !
നാവിലലിഞ്ഞുതീരാത്ത മധുസൂനമകരന്ദം !!
നിത്യമധുരം ചൊരിയുമമൃതിൻ മൃദുകണം !!!
ദേവദാരുക്കൾ തിങ്ങും മരതകപൂഞ്ചോല കുസുമം !!
ബാല്യകൗമാരങ്ങൾക്കെത്രയോ നൽസുഗന്ധം !
വസന്തം പൂത്തുലയും താഴ്വരതന്നാമോദഗന്ധം !!
വാടിയാലും വാടാത്ത പൂക്കളാൽ സുകൃതം,സമൃദ്ധം ,
ഇലവള്ളി നിറയുന്നോരഴകിൽ മഴവില്ലേഴു വർണം !!
ബാല്യകൗമാരങ്ങൾക്കെത്രയോ പൊൻതിളക്കം !
മാനത്തൊരായിരം ദ്യുതിയായ് നക്ഷത്ര പൂത്തിരിയൊ ?
താരാപഥങ്ങളിലശ്വമായംശുമാൻ ,ശോണമാം
ജ്വാലാമുഖം വിരിയും നിറ തിരി നെയ് വിളക്കൊ ??
നാമറിയാതെ നമ്മെക്കടന്നുപോയ് നിറമലർ പൂന്തോട്ടം,
നാമറിയാതെ നമ്മിൽ പ്രകാശമായ്, പ്രഭയായ് കൗമാരം ,
നാമറിയാതെ കാലമാമൂഞ്ഞാലിന്നീണമായ്, തെന്നലായ്,
നന്മതൻ പൂമണം നമ്മിൽ തേൻ തിരുമധുരമായ് !!
നാമതറിയുന്നതിന്നുമാത്രം ! കാണുക! ഇലകൾ പഴുക്കാറായ് !!
ഞെട്ടറ്റുവീഴുന്നതിൻമുൻപേ,അശ്രുവായ് പോകട്ടെ ഞാൻ വീണ്ടും,
പിന്നെയും പിന്നെയും മധുനിറയും എൻ ബാല്യമേ !!
നിൻനിർമല വീഥിയിൽ, നിഴലായ്, നിറകതിർക്കുലയുമായ് !!!
6.കൊഴിഞ്ഞ ഇതളുകൾക്കു പറയാനുള്ളത് .
"പുലരിയിൽ ചമഞ്ഞിടുന്നതാർക്കുവേണ്ടി നീ പുഷ്‌പമേ ?
ഇതളുകൾ മൃദുലമാക്കിയും ,സിരകളിൽ തേൻനിറച്ചും ?
മഞ്ഞുതുള്ളികൾ മുത്തുമാലയാക്കിയും പലനിറ -
ചാർത്തുകളിൽ സ്വയമേ മുങ്ങിയും പൊങ്ങിയും ?
തരളമായൊരു ഗാനമാലപിച്ചും ചെറു -
കാറ്റിനോടൊരു താരാട്ടുപാടിയും ,വെൺ-
മാനത്തേക്കൊന്നൊളികണ്ണുവീശിയും ?
പൂത്തിരുവാതിരച്ചുവടുകളാടിയും ,സദാ
എന്തോ മറന്നെന്നു വെറുതേ നടിച്ചും ,പിന്നെ-
യിലച്ചാർത്തുകൾക്കിടയിലൊളിച്ചുകളിച്ചും ?
ആരും കാണാതെ കണ്ണീർ തുടച്ചും ,ചിരി-
മുകുളങ്ങളെല്ലാം നീളെ വിതറിയും ? "
"വരുമെൻപ്രിയൻ മാരിവിൽത്തേരിലേറി ,ചെറുസുസ്മിതവുമായ് ,
മിഴികളിൽ പ്രണയമൊരു ജ്വാലയായ് ,മമ -
ഹൃദയധരണിയിൽ മെല്ലെമെല്ലെയഗ്നിയാകവെ,
തളിരിലയിലൊളിവിതറും ഹിമബിന്ദുവാകിലും
പറഞ്ഞതില്ലഞാനെൻപ്രിയസ്വപ്നമൊന്നുമേ,
വെറുമൊരു മധുരമൗനമായ് ദലമർമരങ്ങളിൽ ...
തെന്നലിൻ ചിറകിലെ ചെറുതാരാട്ടിനീണമായ് ,
തീരഭൂമിയിൽ മണൽത്തരികളെ തേടും ചെറുതിരകളായ് ,
ജീവരാശിയിൽ തളിർത്തുപൂത്തുപരിലസിക്കുമരളിയായ്,
ചെറുമൊട്ടായ് വിരിഞ്ഞും ,പിന്നെ പൂവായ് വിടർന്നും ,പുതു-
മധുവാൽ നിറഞ്ഞും,ഉരുകുന്ന മഞ്ഞായുതിരുന്ന കണ്ണീർ-
തുളളി തുടയ്‌ക്കുമീ തേജസാം സ്നേഹജ്വാല !"
"നിമിഷസൂചികൾ ചടുലരഥമായകലെയെങ്ങോ മറഞ്ഞുവൊ ?
മൃദുലദലവും ചുളിവു വീണൊരു നിർജലപത്രമാകയൊ ?
കനവുമായെ, മിഴികൾ മങ്ങിയൊ ?മായുന്നോരോ വർണവും ?
നടനകാന്തിച്ചുവടു മെല്ലെ തളർന്നിതൂഷ്വരജ്വാലയിൽ.
പോയ്‌മറഞ്ഞുവൊ ഹൃദയകുമ്പിളിൽ തേൻനിറച്ചൊരാ തീർത്ഥവും ?
അടർന്നകണമായ് ,വിടതരാതെ , ഇനിവരാതെ , സന്ധ്യയിൽ ?
മധുരിതമാം പരാഗരേണു നിഷ്ഫലമായ് പോകയോ ?
വർണ്ണശലഭഗാത്രമേതൊയിരുളടഞ്ഞ താരകം ...
മൃത്യുവിൻ ചിലങ്കയതിമോഹനമൊരു രാഗമൊ ?
കാലമാം തിരശീലമുന്നിൽ ഗദ്ഗദമായ് മാനസം .
പ്രാണനലിയെ മഹാനിദ്രയിൽ നാമെന്തുനെടുമനശ്വരം ?
സുകൃതവഴിയിലോർമയായ് തൻകർമമൊരുനിഴൽ വീഴ്ത്തിയോ ?"
5.അന്വേഷണം
പൂക്കളായ് വിരിയാതെ പൂമൊട്ടുകളടർന്നുപോയ്
മഴയായ് പൊഴിയാതെ മേഘങ്ങളകന്നുപോയ്
തീരങ്ങൾ പുൽകാതെ തിരകളുമൊഴുകിപ്പോയ്
മുളയ്ക്കാതെ വിത്തുകൾ പിന്നെയുമുറക്കമായ്
ഒരുവിരൽതുമ്പുപോലും മിഴിനീർതുള്ളികളെ
തുടയ്ക്കാനരുമയായുരാതെവിടെപ്പോയ് ?
കാലമെനിയ്ക്കായൊരു കൽവിളക്കു വയ്ക്കുമോ
കരിഞ്ഞ സ്വപ്നങ്ങളിലൊരു തിരി തെളിയിക്കാൻ ?
ഒരുനാളമായിനിയെരിയാൻ ചിരാതുണ്ടോ
പുനർജ്ജനിതീരങ്ങളിൽ പ്രഭയായ് പ്രകാശമായ് ?
ഇനിയും കിളികൾക്കായിച്ചില്ലകളൊരുങ്ങുമോ
കിനാവിൻതളിർമലർ തുള്ളികളുതിർന്നിടാൻ?
ഇനിയും പുൽപാളികൾ കുളിരാൽ കുതിരുമോ
ചൊരിയും തൂമഞ്ഞിനാലൊരു പുലർക്കിനാവാകാൻ ?
ഈപുഴയൊഴുകുന്ന വഴികളിൽ, വെറുതെയോ,
ഈകാറ്റുവീശുന്ന പാതകളിലിടവഴിയിൽ,
പിന്നെയും കോടമഞ്ഞലയുമിടങ്ങളിൽ,
താഴ്വരയിൽ,അകലെ,അസ്തമയച്ചെരുവുകളിൽ,
ഓരോ വളവിലും തിരിവിലും മുൻപിലും പിൻപിലും
എൻവഴികൾ മുൻപോട്ടുമുൻപോട്ടു നീളവേ
നിറമിഴികളാരെയൊ തേടുന്നുവൊ വീണ്ടും?
നിഴലോ? നിലാവോ? മിഥ്യയോ? സ്വപ്നമോ?
4.സത്യം
ഒരു പുഴ വരളുകയോ
മറ്റൊന്നു നിറഞ്ഞൊഴുകാൻ ?
ഒരു മരം തളിർക്കയോ
മറ്റൊന്നു കരിയവെ ?
ഒരു പാതയിലാരൊ പൂ വിതറിയൊ ?
മറ്റൊന്നിൽ മുൾമുനകളൊ ?
ഒരു പ്രാണൻ പിടയുകയൊ
മറ്റൊന്നു പിറക്കാനായ് ?
ഒരു വെൺപ്രാവു മാനത്തുയരവെ
ചിറകില്ലാതൊന്നു പിടഞ്ഞുതകർന്നു ...
ഒരു ഹൃദയം കീറിമുറിഞ്ഞു
മറ്റൊന്നിൽ വരവായ് വസന്തം ..
അലിവില്ലാത്ത കാലമോ
കരുണ വറ്റിയ കരങ്ങളോ
ഞെരിഞ്ഞുടഞ്ഞ മൺപാത്രങ്ങൾ
പെറുക്കിയെടുത്തു കുപ്പയിലിട്ടു.
3.വിട
നിറയും നീർമിഴികൾക്കും
നിനവിൻ ചെന്താരയ്ക്കും
വിടചൊല്ലും സ്വനമോയെൻ
ഹൃദയത്തിൻ സ്‌പന്ദനമോ-
യിന്നകലെ വെണ്മാനത്തിൻ
ചെരുവിൽ കേൾപ്പൂ...
പിരിയാനായ് മാത്രം നീ
വന്നോയെൻപാതകളിൽ
കൊഴിയാനായൊരു വാക-
പ്പൂമരമായീ ..?
എന്തിനായ് വന്നു നീ-
യൊരു സ്വപ്നഹംസമായ്
ചിറകടിച്ചെങ്ങോ
മറഞ്ഞിടാനായ് ?
പിരിയുവാൻ നേരമായ്
തകരുമീ നടവഴിയിൽ
മുഖമില്ലാ പറവകളായ്
നീയും ഞാനും ......
ചിതയെരിയും ജ്വാലകളിൽ
ചിറകില്ലാ സ്വപ്നത്തിൻ
ചിതറിയൊരാ പ്രണയത്തിൻ
പൊട്ടുകൾ മാത്രം.
1992
2. കാറ്റിനോടൊരു സ്വകാര്യം
4.സത്യം
ഒരു പുഴ വരളുകയോ
മറ്റൊന്നു നിറഞ്ഞൊഴുകാൻ ?
ഒരു മരം തളിർക്കയോ
മറ്റൊന്നു കരിയവെ ?
ഒരു പാതയിലാരൊ പൂ വിതറിയൊ ?
മറ്റൊന്നിൽ മുൾമുനകളൊ ?
ഒരു പ്രാണൻ പിടയുകയൊ
മറ്റൊന്നു പിറക്കാനായ് ?
ഒരു വെൺപ്രാവു മാനത്തുയരവെ
ചിറകില്ലാതൊന്നു പിടഞ്ഞുതകർന്നു ...
ഒരു ഹൃദയം കീറിമുറിഞ്ഞു
മറ്റൊന്നിൽ വരവായ് വസന്തം ..
അലിവില്ലാത്ത കാലമോ
കരുണ വറ്റിയ കരങ്ങളോ
ഞെരിഞ്ഞുടഞ്ഞ മൺപാത്രങ്ങൾ
പെറുക്കിയെടുത്തു കുപ്പയിലിട്ടു.
3.വിട
നിറയും നീർമിഴികൾക്കും
നിനവിൻ ചെന്താരയ്ക്കും
വിടചൊല്ലും സ്വനമോയെൻ
ഹൃദയത്തിൻ സ്‌പന്ദനമോ-
യിന്നകലെ വെണ്മാനത്തിൻ
ചെരുവിൽ കേൾപ്പൂ...
പിരിയാനായ് മാത്രം നീ
വന്നോയെൻപാതകളിൽ
കൊഴിയാനായൊരു വാക-
പ്പൂമരമായീ ..?
എന്തിനായ് വന്നു നീ-
യൊരു സ്വപ്നഹംസമായ്
ചിറകടിച്ചെങ്ങോ
മറഞ്ഞിടാനായ് ?
പിരിയുവാൻ നേരമായ്
തകരുമീ നടവഴിയിൽ
മുഖമില്ലാ പറവകളായ്
നീയും ഞാനും ......
ചിതയെരിയും ജ്വാലകളിൽ
ചിറകില്ലാ സ്വപ്നത്തിൻ
ചിതറിയൊരാ പ്രണയത്തിൻ
പൊട്ടുകൾ മാത്രം.
1992
2. കാറ്റിനോടൊരു സ്വകാര്യം
ചൊല്ലൂ വരുന്നതെവിടുന്നുനീ,നറും-
മുല്ലപ്പൂക്കൾതൻസൗരഭ്യമേന്തി ?
ഏതോകിനാവിൻ ദൂതുമായെത്തിയെൻ
കാതിൽമന്ത്രിച്ചുപോകുന്നതെങ്ങോട്ട് ?
കാടായ കാടെല്ലാം ചുറ്റിയൊ? പിന്നെയും
നാടായ നാടെല്ലാം ചുറ്റുവാനെത്തുമോ ?
കാട്ടിലെപ്പൂക്കൾ തൻ സൗരഭ്യമെന്തിനീ
നാട്ടിലെപ്പൂക്കളും ചുംബിക്കാനെത്തുന്നോ?
എൻമുടിത്തുമ്പുകളാലോലമാട്ടി നിൻ
മുഗ്ദ്ധ സുഗന്ധം ലഹരിയുണർത്തുമ്പോൾ
മാധുര്യമൂറും നിൻ ചൂളംവിളിയാലെനീ-
യാലപിച്ചീടുന്ന ഗാനത്തിൻ പൊരുളെന്ത് ?
ദൂരെയെൻ ഗന്ധർവ ക്ഷേത്രത്തിലും പിന്നെ-
ചാരത്തുനിൽക്കുന്ന പാലവൃക്ഷത്തിലും
ചുറ്റിക്കറങ്ങിയൊ ?ഗന്ധർവനെന്നോടു-
ചൊല്ലുവാൻ വല്ല രഹസ്യവും തന്നുവോ ?
എന്നെ വിളിക്കുകയാണോ നിൻ ചിറകേറി-
ത്തന്നെവരണമെന്നോതുകയാണോ നീ ?
രാഗാർദ്ര ഭാവങ്ങളുള്ളിലൊതുക്കിനിൻ
യാത്ര പിന്നെയും തുടരുകയാണോ നീ ?
കാണാത്ത ദേശങ്ങൾ കണ്ടുകഴിയുമ്പോൾ
വീണ്ടും നീ പാറിവരില്ലേ സുഗന്ധമായ് ?
1988
1.മോഹങ്ങൾ
ഒരു താരയായ് ഞാൻ പിറന്നിരുന്നെങ്കിൽ
ഒരു ദീപമായിത്തീർന്നിടാം വാനിൽ
ഒരു പൂമൊട്ടായി വിരിഞ്ഞിരുന്നെങ്കിൽ
ഒരുമഞ്ജുകുസുമമായ് വിടരാം ചെടിയിൽ
ഒരുവർണ്ണശലഭമായ് ജനിച്ചിരുന്നെങ്കിലൊ
നുകരാം മധുകണം വർണപുഷ്പങ്ങളിൽ
ഒരുചെറുകിളിയായ് മാറിയെങ്കിൽ ,ഇന്നു-
പറക്കാം മാനത്തിനനന്തമാം വീഥിയിൽ
കുളിർപകരും കാറ്റായ് ഞാൻ മാറുമെങ്കിൽ പിന്നെ-
മന്ദമായ് വീശിയെത്തും സുഗന്ധമായ്
ഒരുനിലാവലയായി നിറയുമെങ്കിൽ ശുഭ-
രാത്രിയിലൊരു പാൽതടാകമായ് തീർന്നിടാം
ഒരുമുകിലായ് മാനത്തലഞ്ഞിരുന്നെങ്കിൽ ഞാൻ
ഒരു മഴത്തുള്ളിയായടരും ഭൂമിയിൽ
ഒരുകൊച്ചരുവിയായൊഴുകിയെങ്കിൽ വീണ്ടും
അലിയുമഗാധമാമാഴത്തിൻ നീലയിൽ
ഒരു ചിപ്പിയായ് കടലോരത്തടിയുകിൽ
പൂണ്ടുകിടക്കുമാ മണല്തരിക്കിടയിലായ്
ഒരുപുല്ലാങ്കുഴലായി മാറുമെങ്കിൽ ഞാൻ
ഒരു മധുഗീതമായ് നിന്നധരങ്ങളിൽ
ഒന്നുമേയൊന്നുമേയാകാതെ ഞാനൊരു
നിശബ്ദവീണയായ് തീരുന്നു പിന്നെയും
ഒരു ദുഃഖബിന്ദുവായലിയാതൊരിക്കൽ ഞാൻ
ഒരുകൊച്ചുസ്വപ്നമായ് തീർന്നെങ്കിൽ നിൻ ഹൃത്തിൽ ....
1988
No comments:
Post a Comment