Wednesday, 27 October 2021

ഭൂമിയെരിയുമ്പോൾ.......

 











കാലം തെറ്റി പൂത്തൊരാ കണിക്കൊന്നതൻ ചില്ലമേൽ

കാതരയാമൊരു കുഞ്ഞിക്കിളി, മുകളിൽ തീയിതളുകൾ,

സൂര്യജ്ജ്വാലകനലുകൾ,തീക്ഷ്ണമായ് അതിതീവ്രമായ്

താഴെ ഭൂമിയെരിയുന്നു,ചെങ്കനൽനേരിപ്പോടുപോൽ.

ഉരുകുന്നു ധ്രുവങ്ങളിൽ മഞ്ഞുപാളികളതിദ്രുതം,

ഉയരുന്നു കടൽ ജലം ഭൗതീകക്ഷതങ്ങളായ്,തീരങ്ങളിൽ..

അരുണതീനാളങ്ങളിലാവിയായ് ജല ബിന്ദുക്കൾ,

 ചുഴലിയായ്, കൊടുങ്കാറ്റായതിവർഷമായ്,പ്രളയമായ്

കുന്നുകളിടിഞ്ഞുതകരുമ്പോൾ,ചിതറുന്നു പ്രാണനുകൾ ,

മണ്ണിനടിയിൽ ജീവവായു തേടി, നിശ്ചലം....നിത്യമൗനം!

ഖനിജങ്ങൾ,ലോഹങ്ങൾ അമിതമുപയോഗിച്ചു നാം

ധൂർത്തടിച്ചുവൊ സ്ഥല,ജല, വനവിഭവങ്ങൾ?

മലിനമാക്കിയന്തരീക്ഷം, ഹരിത വാതകവിസർജ്ജനം,

കട്ടിയേറിടും,കരിമ്പുതപ്പോ പടരുന്നിതാ മേലെ വേഗം..

മലിനമാക്കിമൺതലം,അജീർണചപ്പുചവറുകൾ,

മലിനമാക്കി ജലത്തെയും രാസ,ദ്രവ മാലിന്യങ്ങൾ

അസമത്വം,നീതിരഹിതം, മുതലാളിത്ത ലോകക്രമം,

മത്സരിക്കുന്നു വൃഥാ സാമ്രാജ്യത്വ ശക്തികൾ.

ജീവജാതിവൈവിധ്യങ്ങളാവാസങ്ങൾ മറഞ്ഞേക്കാം,

ആഗോളതാപന നേരിപ്പോടിൻ  കനൽച്ചൂടിൽ....

വൃണിതമാമീഭൂതലം പരമമായ് പരിരക്ഷിക്കാൻ,

മലിനമാം ജലാശയങ്ങൾ നിർമലീകരിച്ചിടാൻ,

ഈ നിശ്വാസവായുവെന്നും ശുദ്ധമായി നിറയുവാൻ,

മരതകം പോൽ മലനിരകൾ വീണ്ടുമിവിടെയുയരുവാൻ,

പൃഥ്വിയിനിയും ഭാവിയിൽ, വരും തലമുറമക്കൾക്കായ്

സുഖദശീതളസുരലോകഹർഷം വിതയ്ക്കുവാൻ,

ഉണരൂ മർത്യാ,നീയുണരു,വേഗം നീയുണരൂ വേഗം,

നിമിഷമധികമില്ലിനി,ഓർക്ക,നിമിഷമധികമില്ലിനി

നിൻവിരൽത്തുമ്പാൽതൊട്ടു പരിരക്ഷിക്കുകീധരയെ

പരിസ്ഥിതി തൻ ദുരന്തത്തിൻ കടലാഴങ്ങളിൽ നിന്നും.....

No comments:

Post a Comment